Ticker

6/recent/ticker-posts

പാര്‍ലമെന്ററി ചട്ടങ്ങളും കീഴ് വഴക്കങ്ങളും മുഴുവന്‍ കാറ്റില്‍ പറത്തി വിവാദ വഖഫ് ബിൽ അർദ്ധ രാത്രിയിൽ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി.   പാര്‍ലമെന്ററി ചട്ടങ്ങളും കീഴ് വഴക്കങ്ങളും മുഴുവന്‍ കാറ്റില്‍ പറത്തിയാണ് വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് പിടിമുറുക്കാനുള്ള അവകാശത്തിനായുള്ള വിവാദ വഖഫ് ബില്‍ ലോക്‌സഭയില്‍ അടിച്ചേല്‍പിച്ചത്.

ചര്‍ച്ചയില്‍ വഖഫിനെ കുറിച്ചുള്ള അര്‍ധസത്യങ്ങളും വ്യാജ ആരോപണങ്ങളും പ്രതിപക്ഷം പൊളിച്ചടുക്കുന്ന കാഴ്ചക്കും ലോക്സഭ സാക്ഷിയായി വഖഫ് പിടിച്ചടക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം ഇന്ത്യാ സഖ്യം എപിമാര്‍ സഭയില്‍ ഒറ്റക്കെട്ടായി തുറന്നുകാട്ടുകയായിരുന്നു. എന്നാല്‍, എന്‍.ഡി.എ ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയില്‍ ബില്ല് ലോകസഭ കടന്നു ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിര്‍ത്തു.

ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ഉദ്ധരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ പരുങ്ങലിലായി.
എവിടെനിന്നാണ് ഈ ബില്‍ എത്തിയതെന്ന് ചോദിച്ചപ്പോള്‍ നാഗ്പൂരില്‍നിന്ന് എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ വിളിച്ചു പറഞ്ഞു. സ്പീക്കറുടെ നിസ്സഹായാവസ്ഥക്കിടെ എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചട്ടമോ കീഴ് വഴക്കമോ ചൂണ്ടിക്കാട്ടാൻ സാധിച്ചില്ല.

എന്നാല്‍, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാര്‍ലമെന്റില്‍ കൊണ്ടുവരാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനോട് ബില്‍ അവതരണവുമായി മുന്നോട്ടു പോകാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രന്‍ ഉന്നയിച്ച ക്രമപ്രശ്‌നം തള്ളുകയാണെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് ബില്‍ അവതരണത്തിന് കളമൊരുങ്ങിയത്.
തുടര്‍ന്ന് വഖഫ് ബില്ലിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങളെല്ലാം പ്രതിപക്ഷം തരിപ്പണമാക്കുന്നതിനാണ് 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ച സാക്ഷ്യം വഹിച്ചത്. മുനമ്പം ഭൂമി പ്രശ്‌നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സര്‍ക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോര്‍ഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തില്‍ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാല്‍, അഖിലേഷ് യാദവ്, കല്യാണ്‍ ബാനര്‍ജി, എ. രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിന്‍വലിക്കുന്നതിനും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതിനും ലോക്‌സഭ സാക്ഷ്യം വഹിച്ചു.

വഖഫ് ബോര്‍ഡുകളില്‍ പണ്ടു മുതല്‍ക്കേയുള്ള സ്ത്രീ പ്രാതിനിധ്യം പറഞ്ഞ് ഗൗരവ് ഗോഗോയിയും മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമാണ് ബില്ലിന്റെ ലക്ഷ്യമെന്ന വാദം പൊളിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വഖഫ് കൈയേറിയെന്ന് ആരോപിച്ച അനുരാഗ് ഠാക്കൂറിനെകൊണ്ട് കെ.സി. വേണുഗോപാല്‍ ആ പരാമര്‍ശം പിന്‍വലിപ്പിക്കുകയും ചെയറിനെകൊണ്ട് സഭാരേഖളകില്‍നിന്ന് നീക്കം ചെയ്യിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ 400 ഏക്കര്‍ ഹിന്ദുക്ഷേത്ര ഭൂമി വഖഫ് ആക്കിയെന്ന കിരണ്‍ റിജിജുവും അമിത് ഷായും നടത്തിയ ആരോപണം കള്ളമാണെന്നും അതു തെളിയിച്ചാല്‍ താന്‍ ലോക്‌സഭ എം.പി സ്ഥാനം രാജിവെക്കുമെന്നും വെല്ലുവിളിച്ചു. 1987 -ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് കേരളത്തില്‍ കലാപമുണ്ടാക്കിയെന്ന് ഓര്‍മിപ്പിച്ച സി.പി.എം നേതാവ് കെ. രാധാകൃഷ്ണന്‍ അമുസ്‌ലിംകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്തു.

എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.
അതേസമയം, മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യം. ബില്‍ മുസ്ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

Post a Comment

0 Comments