Ticker

6/recent/ticker-posts

ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരേ രംഗത്തുവന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ കൊലവിളി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര്നൽകുന്ന നീക്കം എതിർത്ത മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ എംഎല്‍എയ്‌ക്കെതിരേ കൊലവിളി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി എടുത്തത്. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ബിജെപി, സിപിഐഎം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നു കോണ്‍ഗ്രസ് വിട്ടു നിന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ഓമനക്കുട്ടന്റെ കൊലവിളി പ്രസംഗം. ബിജെപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് ഇന്നലെ ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞിരുന്നു. പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കുന്നതില്‍ മാത്രമാണ് എതിര്‍പ്പെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. കൊലവിളി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ ഇരുപാർട്ടികളും തമ്മിൽ കൊമ്പ് കോർക്കാൻ തുടങ്ങിയിട്ട്.

Post a Comment

0 Comments