65 റൺസ് നേടിയ ഫിൽ സോൾട്ടാണ് ആർസിബിയുടെ ടോപ് സ്കോറർ. 33 പന്തിൽ 6 സിക്സറുകളും 5 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഫിൽ സോൾട്ടിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്.
ഫിൽ സോൾട്ടിനു പുറമെ വിരാട് കോലിയും അർധസെഞ്ചുറി നേടി. 45 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുകളും അടക്കം 62 റൺസെടുത്ത കോലി പുറത്താവാതെ നിന്നു.
ഇവർക്കു പുറമെ മലയാളി താരം ദേവദത്ത് പടിക്കലും മികച്ച പ്രകടനം പുറത്തെടുത്തു. 28 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറും അടക്കം 40 റൺസ് നേടിയ ദേവദത്തും നോട്ടൗട്ട് ആയിരുന്നു. രാജസ്ഥാനു വേണ്ടി കുമാർ കാർത്തികേയക്ക് മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്.
രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ആർസിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിൽ സോൾട്ട് പവർ പ്ലേയിൽ രാജസ്ഥാന്‍റെ ബൗളർമാരെ തച്ചു തകർത്തപ്പോൾ മറുവശത്ത് വിരാട് കോലി കരുതലോടെ നീങ്ങി.
ആദ‍്യ പവർ പ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടപെടാതെ ആർസിബി 65 റൺസ് നേടിയിരുന്നു. പിന്നീട് ടീം സ്കോർ 92ൽ നിൽക്കെ ഫിൽ സോൾട്ടിനെ കുമാർ കാർത്തികേയ മടക്കിയെങ്കിലും കോലിയും പടിക്കലും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
രണ്ടാം വിക്കറ്റിൽ കോലി- പടിക്കൽ സഖ‍്യം ഉയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ‍്യം ആർസിബി 9 വിക്കറ്റ് ബാക്കി നിൽക്കെ മറികടന്നു.
ആദ‍്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 173 റൺസ് നേടിയിരുന്നു. ഓപ്പണിങ് ബാറ്റർ യശസ്വി ജയസ്വാളിന്‍റെ അർധസെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്
47 പന്തിൽ 10 ബൗണ്ടറിയും 2 സിക്സറുകളും അടക്കം 75 റൺസ് അടങ്ങുന്നതായിരുന്നു താരത്തന്‍റെ ഇന്നിങ്സ്. ജയസ്വാളിനു പുറമെ റിയാൻ പരാഗിനു (30) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. നായകൻ സഞ്ജു സാംസൺ ധ്രുവ് ജുറൽ, എന്നിവർ നിരാശപ്പെടുത്തി.
ആർസിബിക്കു വേണ്ടി യശ് ദയാൽ, ജോഷ് ഹേസിൽവുഡ്, ക്രുണാൽ പാണ്ഡ‍്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവന്വേശ്വർ കുമാർ, ലിയാം ലിവിങ്സ്റ്റൺ, സുയാഷ് ശർമ എന്നിവർക്ക് വീക്കറ്റ് വീഴ്ത്താനായില്ല.
ആർസിബിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പവർപ്ലേ പൂർത്തിയായതിനു ശേഷമുള്ള ആദ‍്യ ഓവറിൽ തന്നെ നായകൻ സഞ്ജുവിനെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി.
ടീം സ്കോർ 49ൽ നിൽക്കെയായിരുന്നു സഞ്ജുവിനെ ക്രുണാൽ പാണ്ഡ‍്യ പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ റിയാൻ പരാഗിനൊപ്പം ചേർന്ന് ജയ്സ്വാൾ ടീമിനെ കരകയറ്റി.
ഇരുവരും രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടു നേടി. ഇതോടെ ടീം സ്കോർ 100 കടന്നു. പിന്നീട് യശ് ദയാൽ റിയാൻ പരാഗിനെ പുറത്താക്കികൊണ്ട് കൂട്ടുകെട്ട് തകർത്തു. ഇതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. പിന്നാലെ നാലാം വിക്കറ്റിൽ ക്രീസിലെത്തിയ ധ്രുവ് ജുറലും (26) ഷിമ്റോൺ ഹെറ്റ്മെയറും (7) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ടീം സ്കോർ ഉയർന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.