Ticker

6/recent/ticker-posts

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിൽ

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് അറസ്റ്റ്. ഇഡി ആസ്ഥാനത്ത് ഹാജരാവാന്‍ എം കെ ഫൈസിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെന്നും അവിടേക്ക് പോവും വഴി ഡൽഹിയിൽ വച്ചാണ് അറസ്‌റ്റെന്നും എസ്ഡിപിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം
.

 പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലർക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ അബൂബക്കര്‍, ഒ എം എ സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ പി ഷഫീര്‍, കെ ഫിറോസ് തുടങ്ങി പലർക്കും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ഇഡിയുടെ പുതിയ നടപടിയെന്നത് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റായിരുന്ന പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇല്‍യാസ്, ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നല്‍കുമ്പോഴാണ് ജസ്റ്റിസ് ജസ്മീത് സിങ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിധിക്ക് പിന്നാലെയാണ് മറ്റു പലർക്കും ജാമ്യം ലഭിച്ചു തുടങ്ങിയത്.

Post a Comment

0 Comments