Ticker

6/recent/ticker-posts

ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് അന്വേഷണം ഇത്രയധികം വൈകിപ്പിക്കുമായിരുന്നോ? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കാസർഗോഡ്: പൈവളിഗെയിൽ 15 വയസുകാരിയേയും അയൽവാസിയെയും കാണാതാവുകയും കാട്ടിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് അന്വേഷണം ഇത്രയധികം വൈകിപ്പിക്കുമായിരുന്നോ എന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


ഞായറാഴ്ചയാണ് കാണാതായ പെൺകുട്ടിയുടേയും അയൽവാസിയുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. 15 കാരിയെ കാണാതായി 26 ദിവസങ്ങൾക്കു ശേഷം മാത്രം കണ്ടെത്തിയതോടെയാണ് ഹൈക്കോടതി സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്


കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു.
 വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ചോദിച്ചു. നിയമത്തിന് മുന്നില്‍ വിഐപികളും തെരുവില്‍ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, സംഭവം ആത്മഹത്യ തന്നെയാണെന്നാണും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് വിവരം

Post a Comment

0 Comments