Ticker

6/recent/ticker-posts

കോഴിക്കോട് കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്‍റെ ഗ്ലാസ് തകർത്താണ് പണം കവർന്നത് പരാതി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.


ബൈക്കിൽ എത്തിയ രണ്ട് പേർ ചേർന്ന് കാറിനകത്ത് ചാക്കിൽ സൂക്ഷിച്ച പണം കവർന്ന് കൊണ്ട് പോവുകയായിരുന്നു. ബുധനാഴ്‌ച വൈകുന്നേരം 3.30ഓടെയാണ് സംഭവം. കുറ്റിക്കാട്ടൂർ അങ്ങാടിക്ക് സമീപം ആനക്കുഴിക്കര മാനിക്കോളിനിലം റഹീസിൻ്റെ കാറിൽ നിന്നാണ് പണം മോഷണം പോയത്. മോഷണത്തെ തുടർന്ന് റഹീസ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇത്രയേറെ പണം ചാക്കിൽ കെട്ടി കാറിൽ സൂക്ഷിക്കുന്നതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.  മാത്രമല്ല പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കാൻ റഹീസിനോട് പൊലീസ് ആവശ്യപ്പെട്ടു.


അതേസമയം പണം റഹീസിന്‍റെ ഭാര്യയുടെ ഉപ്പയുടെ മുതലാളിയുടെതാണെന്ന് റഹീസിന്‍റെ ഉമ്മ സുഹറാബി മാധ്യമങ്ങളോട് പറഞ്ഞു. മുതലാളിയുടെ ജ്വല്ലറി വിറ്റ പണമാണ് നഷ്‌ടമായതെന്നും ഈ പണം റഹീസിനെ സൂക്ഷിക്കാൻ ഭാര്യയുടെ ഉപ്പ ഏൽപ്പിച്ചതാണെന്നുമാണ് റഹീസിന്‍റെ ഉമ്മ പറയുന്നത്. പട്ടാപ്പകൽ ജനത്തിരക്കേറിയ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിന്നും ലക്ഷക്കണക്കിന് രൂപ മോഷണം പോയത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട് .കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവണം കവർച്ചാസംഘം ഇവിടെയെത്തി പണവുമായി കടന്ന് കളഞ്ഞിട്ടുണ്ടാവുക ഇതുമായി ബന്ധപ്പെട്ട് പോലീസ് സംശയകരമായ എല്ലാ സാഹചര്യങ്ങളും നിരീക്ഷിച്ചുവരികയാണ്.

Post a Comment

0 Comments