Ticker

6/recent/ticker-posts

ഡൽഹിസത്യപ്രതിജ്ഞയ്ക്കുള്ള സമയം പ്രഖ്യാപിച്ചു: ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ പ്രതിസന്ധിയില്‍.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരേ ഗംഭീര വിജയം നേടിയ ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ പ്രതിസന്ധിയില്‍. സത്യപ്രതിജ്ഞയ്ക്കുള്ള സമയം പ്രഖ്യാപിച്ചിട്ടും പാര്‍ട്ടിക്ക് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായില്ല. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹി രാംലീല മൈതാനത്താണ് ചടങ്ങുകള്‍.


ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള സജ്ജീകരണങ്ങളാണ് ഡല്‍ഹി രാംലീല മൈതാനത്ത് തയാറാക്കുന്നത്. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ബിജെപിക്ക് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ സമവായം ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധി തവണയാണ് യോഗം മാറ്റിവച്ചത്. എന്നാല്‍, മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവരാരും ബിജെപിയില്‍ ഇല്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്ന ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തും.

അരവിന്ദ് കെജ്രിവാളിനെ അട്ടിമറിച്ച് വിജയം നേടിയ പര്‍വേശ് വര്‍മയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ശാലിമാര്‍ ബാഗ് എംഎല്‍എ രേഖ ഗുപ്തയാണ് മറ്റൊരു പേര്. എന്‍ഡിഎക്ക് ഒരു സംസ്ഥാനത്തും വനിതാ മുഖ്യമന്ത്രി ഇല്ലെന്നതിനാല്‍ രേഖയ്ക്ക് നറുക്ക് വീണേക്കും. മറ്റ് ചില പ്രമുഖരും പദവിക്ക് വേണ്ടി പിന്‍വാതില്‍ നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് തീരുമാനം നീളുന്നത്



.

Post a Comment

0 Comments