നാലേക്കറിൽ12 നിലകളില്‍ മൂന്ന് കെട്ടിടങ്ങള്‍; 300 മുറികള്‍; 150 കോടി ചെലവിൽ ആര്‍എസ്എസിന് പുതിയ ആസ്ഥാനം
150 കോടി ചെലവില്‍ നാലേക്കര്‍ സ്ഥലത്ത് നിര്‍മിച്ച മൂന്ന് വമ്പന്‍ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേന. ഡല്‍ഹിലെ ജണ്ടെവാലയില്‍ ഉദ്ഘാടനം ചെയ്ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പുതിയ കാര്യാലയം മാത്രമല്ല, കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന പവര്‍ ഹൗസ് കൂടിയാണ്.
ആര്‍എസ്എസിനും അനുബന്ധ സംഘടനകള്‍ക്കും സംയോജി കേന്ദ്രമാകുന്ന വിശാലമായ ഈ സമുച്ചയത്തില്‍ നിന്നാകും സംഘടനയുടെ ഭാവി തന്ത്രങ്ങള്‍ രൂപപ്പെടുക.
മൂന്ന് കൂറ്റന്‍ കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍, പ്രത്യയശാസ്ത്ര സമ്മേളനങ്ങള്‍ നടത്തുന്നതിന് രണ്ട് വലിയ ഓഡിറ്റോറിയങ്ങള്‍, ചരിത്രം പറയുന്ന വിശാലമായ ലൈബ്രറി, നിര്‍മിതിയുടെ മധ്യത്തില്‍ പ്രഭാത ശാഖകള്‍ക്കായി മനോഹരമായ രീതിയില്‍ പരിപാലിച്ചിട്ടുള്ള വിശാലമായ പുല്‍ത്തകിടികള്‍ എന്നിവയെല്ലാം ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉദാസിന്‍ ആശ്രമത്തിലെ പഴയ കെട്ടിടത്തില്‍ നിന്നും വിശാലമായ സമുച്ചയത്തിലേക്ക് കാര്യാലയം മാറ്റപ്പെടുംപുതിയ കാര്യാലയം നിര്‍മിച്ച സ്ഥലത്ത് 1939ലാണ് ആര്‍എസ്എസിന്റെ ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിതമായത്. 1962ല്‍ രണ്ടാമത്തെ നില നിര്‍മിച്ചു. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.
പുതിയ സമുച്ചയം നിര്‍മിക്കാന്‍ വീണ്ടും 9 വര്‍ഷത്തോളം സമയമെടുത്തു. ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ കാര്യാലയത്തിന്റെ ഹൃദയഭാഗത്തായി വിശാലമായ ഒരു ഗ്രന്ഥശാലയുണ്ട്. ഇസ്ലാമിക, ക്രൈസ്തവ പഠനങ്ങള്‍ മുതല്‍ ബുദ്ധ, സിഖ് തത്വചിന്തകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്ര കൃതികളും ഇവിടുത്തെ അലമാരകളില്‍ നിറഞ്ഞിരിക്കുന്നുവെന്നത് കൗതുകകരമാണ്.
അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച രണ്ട് ഓഡിറ്റോറിയങ്ങളാണ് ഇവിടെയുള്ളത്. ഒന്നില്‍ അഞ്ഞൂറിലേറെയും മറ്റൊന്നില്‍ നൂറിലേറെയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഇതിന് പുറമെ 600ലേറെ ആളുകള്‍ക്ക് ഒത്തു കൂടാന്‍ കഴിയുന്ന ഒരു ഹാളും ഇവിടെയുണ്ട്. ഒരേ സമയം നൂറിലേറെ പേര്‍ക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന ഭോജനശാലയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ ചികില്‍സയ്ക്ക് ഉതകുന്ന ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്.ഗുജറാത്തില്‍ നിന്നുള്ള വാസ്തുശില്‍പ്പിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 75,000ല്‍ പരം സ്വയം സേവകരില്‍ നിന്നും ഭാരവാഹികളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് നിര്‍മാണമെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.