Ticker

6/recent/ticker-posts

അമ്മയെ കൊല്ലാൻ പോലും മടിക്കാത്ത ലഹരി


ഇസ്മയിൽ കെ.കെ

ചേന്ദമംഗലം കൂട്ടക്കൊലയും 'താമരശ്ശേരിയിൽ അമ്മ സുബൈദയെ മകൻ വെട്ടുകത്തികൊണ്ടു വെട്ടികൊന്നതും ഇന്നലെകളുടെ വാർത്തകളിലെ മറവിയിൽ മറഞ്ഞുപോയി , നാളെ പുതിയ വാർത്തകൾ വരുംമുമ്പേ നമുക്കൊന്ന് നമ്മുടെ വീട്ടിൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികൾ നേർവഴിയിലാണോ സഞ്ചരിക്കുന്നത് ?അവരുടെ ജീവിത ശൈലിയിൽ മാറ്റം വരുന്നുണ്ടോ? 
വീട്ടിൽ സൂക്ഷിക്കുന്ന പണം നാമറിയാതെ അവർ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ ?ആവശ്യം പറയാതെ പണത്തിനു വേണ്ടി വീട്ടിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നുണ്ടോ ?പഠനത്തിലും മറ്റുവിഷയങ്ങളിലും അവർ അശ്രദ്ധകാണിക്കുന്നുണ്ടോ?അവർ അശാന്തരായി ഒറ്റപെട്ടു പോകുന്നുണ്ടോ ?  ഒന്ന് ശ്രദ്ധിച്ചേക്കൂ ,  നമ്മുടെ മകനായി  മകളായി സ്നേഹിച്ചു വളർത്തിയവരുടെ കയ്യിലെ വെട്ടുകത്തിക്ക് ഇരയാകുന്നതിനുമുമ്പേ. എന്റെ മകൻ അങ്ങനെ ചെയ്യില്ലെന്ന വിശ്വാസത്തിൽ നമ്മൾ മുമ്പോട്ട് പോവല്ലേ , മയക്ക് മരുന്നിന് അടിമപ്പെടുന്നവർ എന്തും ചെയ്യും , സ്വഭാവത്തിൽ ചെറിയൊരു സംശയം നിങ്ങൾക് തോന്നിയാൽ ഉടനടി ഉത്തരവാദിത്തപെട്ടവരെ അറിയിച്ചു അവരുടെ പ്രശനങ്ങളെ പഠിക്കണം , നിരന്തരം അവരെ പിന്തുടർന്ന് അവർ നേർമാർഗത്തിലാണെന്ന് ഉറപ്പ് വരുത്തണം ,  

മയക്ക് മരുന്നിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങ്ങൾക്ക് ഒരു ക്ഷാമവും നാട്ടിലില്ലന്ന് നമുക്ക് തോന്നാം, ഏതുവിധേനയും പുതുതലമുറയെ രക്ഷിക്കുവാൻ കച്ചകെട്ടിയിറങ്ങിയസാമൂഹിക സംവിധാനങ്ങൾക്കിടയിലൂടെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കയ്യിൽ പോലും മരുന്നെത്തുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾക് ബലഹീനതയുണ്ടെന്ന് ബോധ്യമാവും , അതിനാൽ നമ്മുടെ മക്കൾ നമ്മെ കൊല്ലാനൊരുങ്ങുംമുമ്പേ നമ്മെയും അവരെയും സമൂഹത്തെയും രക്ഷിക്കാൻ വീട്ടിൽ നിന്നുതന്നെ ജാഗ്രതയാവേണ്ടത് അത്യവശ്യമായിരിക്കുന്നു . 

ആഷിക് ഉമ്മയെക്കൊല്ലാൻ പലതവണ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു , പലരോടും ഉമ്മയെക്കൊല്ലുമെന്ന്  സൂചിപ്പിച്ചിരുന്നു പോലും , എന്നിട്ടും ആ കൊലപാതകത്തെ തടയാൻ സമൂഹത്തിന് കഴിയാതെ പോയി , വേണ്ട സമയങ്ങളിൽ വേണ്ടതുപോലെ ഇടപെടാൻ കഴിയാതെ സമൂഹം ക്രൂരതക്ക് കൂട്ടുനിന്നു , ചേന്ദമംഗല്ലൂർ കൂട്ടക്കൊലക്കും കാരണമായത് സമൂഹത്തിന്റെ അനാസ്ഥയാണന്ന് പൊതുസമൂഹാഭിപ്രായമുണ്ടായി , പലപ്രാവശ്യം വധഭീഷണി മുഴക്കി ഗുണ്ടായിസം കാണിച്ച പ്രതിയെ നിലക്ക് നിർത്താൻ സമൂഹത്തിനോ നിയമത്തിനോ കഴിയാതെ പോയതിന്റെ ദുരന്തഫലം എത്ര ഭീകരമാണെന്ന് ചിന്തിച്ചു നോക്കൂ .നമ്മുടെ പരിസരത്തും ഇതേപോലെ മനുഷ്യരെ കാണാം നാളെ പുതിയൊരു ദുരന്ത വാർത്തകേൾക്കാൻ അവസരം നൽകാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു , 
ഇതുവരെയും സമൂഹത്തിന്റെ മേലെ തട്ടിൽ നിന്നുമാണ് നാം പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയത് , ഇപ്പോൾ വീട്ടിൽ നിന്നും തുടങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു , രക്ഷിതാക്കളിൽ നിന്നും തുടങ്ങി സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും കൈകോർത്തു പിടിച്ചു മയക്ക് മരുന്ന് വില്പനക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി നിരുത്സാഹപ്പെടുത്തണം , ഓരോ ഗ്രാമത്തിലും ആരൊക്കെ ഉപയോഗിക്കുന്നെന്നും ആരൊക്കെ വില്പനക്കാരായുണ്ടെന്നും സമൂഹത്തിന് ബോധ്യമാണ് , ഇവരെ തടയാനുള്ള സാമൂഹിക സംവിധാനങ്ങളുടെ ബലഹീനത ഇത്തരം മാഫിയകളെ നേരിടാനുള്ള ആത്മധൈര്യം സമൂഹത്തിൽ നിന്നും ചോർത്തിക്കളയുന്നു . കൃത്യമായ അന്വേഷണങ്ങളിലൂടെ പഴുതടച്ച നടപടികളിലൂടെ ചെറിയൊരു ശ്രമം നിയമപാലകർ നടത്തുകയാണെങ്കിൽ  വളരെ പെട്ടന്നു നമ്മുടെ പുതുതലമുറയെ രക്ഷിക്കുവാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയം അശേഷമില്ല .

Post a Comment

0 Comments