Ticker

6/recent/ticker-posts

ചെന്താമര പിടിയിലായത് വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍

ചെന്താമര പിടിയിലായത് വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, സ്റ്റേഷന് മുന്നില്‍ രാത്രിയും നാട്ടുകാരുടെ പ്രതിഷേധം; ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്: രണ്ട് പകലും രണ്ട് രാത്രിയും പൊലിസിനെ വട്ടംകറക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.
പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം സ്റ്റേഷനു മുന്നില്‍ രാത്രിയും പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ചെയ്യേണ്ടി വന്നു. നാട്ടുകാര്‍ക്ക് നേരേ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നും ആരോപണമുണ്ട്.ജനരോഷം കണക്കിലെടുത്ത് ചെന്താമരയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍. ഇതിനു ശേഷം ഉച്ചയോടെയാകും കോടതിയില്‍ ഹാജരാക്കുകയെന്നാണ് സൂചന.


ഒളിവില്‍ കഴിയവെ വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാള്‍ അവശ നിലയിലായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് ഭക്ഷണമെത്തിച്ചു നല്‍കി.

2019ല്‍ അയല്‍വാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലില്‍ പോകുന്നത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആദ്യ കൊലപാതകം.






Post a Comment

0 Comments