Ticker

6/recent/ticker-posts

സൗദിയില്‍ മിനിവാനിൽ ട്രെയിലർ ഇടിച്ചു കയറി അപകടം; മലയാളിയടക്കം 15 പേര്‍ മരിച്ചു.



ജീസാന്‍: സൗദി അറേബ്യയിലെ ബൈശിന് സമീപം ജീസാന്‍ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരും മൂന്നുപേര്‍ നേപ്പാള്‍ സ്വദേശികളും മൂന്നുപേര്‍ ഘാന സ്വദേശികളുമാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ ജീസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സര്‍വീസ് കമ്പനിയുടെ മിനി വാനില്‍ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറിയാണ്  അപകടം ഉണ്ടായത്. അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാനില്‍ നിന്ന് സൗദി ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്.  സംഭവസ്ഥലത്തു വെച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ അബഹ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രി, ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി, ബൈഷ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ് മരണമടഞ്ഞ വിഷ്ണു. അവിവാഹിതനായ വിഷ്ണു മൂന്ന് വര്‍ഷമായി ഈ കമ്പനിയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. വിഷ്ണുവിന്റെ സഹോദരന്‍ മനു പ്രസാദ് പിള്ള യുകെയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്.

Post a Comment

0 Comments