വടകര - അറബിക് കാലിഗ്രഫിയുടെ സമകാലിക വൈവിധ്യവുമായി സർഗാലയ കരകൗശല ഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര കരകൗശല മേള ശ്രദ്ധേയമാകുന്നു. പ്രശസ്ത 'അയാത്' കാലിഗ്രഫി ഡിസൈനേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ 'അറബിക് കാലിഗ്രഫി തീം വില്ലേജ്' പരമ്പരാഗത ഇസ്ലാമിക കലയുടെ നൂതന ആവിഷ്കാരമായി മാറിയിരിക്കുകയാണ്.
അറബിക് അക്ഷരങ്ങളെ കലാത്മകമായി ആവിഷ്കരിക്കുന്ന അതിമനോഹരമായ രചനാരീതിയാണ് അറബിക് കാലിഗ്രഫി. വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന അറബി ലിപിയിൽ ഓരോ അക്ഷരവും ഒരു ചിത്രകലാസൃഷ്ടി പോലെ രൂപപ്പെടുത്തിയെടുക്കുന്നു. കുഫിക്, നസ്ഖ്, ദിവാനി, തുലുത്ത് തുടങ്ങിയ വ്യത്യസ്ത ശൈലികളിലൂടെ വളർന്നുവന്ന ഈ കലാരൂപം ഖുർആൻ പകർത്തിയെഴുതാനും പള്ളികളിലെയും കൊട്ടാരങ്ങളിലെയും അലങ്കാരങ്ങൾക്കും ഉപയോഗിച്ചുപോരുന്നു.
പൂർണമായും ടൈറ്റാനിയം ലോഹത്തിൽ നിർമിച്ച കാലിഗ്രഫി അലങ്കാരങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇവ നൂറുവർഷം വരെ ഈടുനിൽക്കും. അഞ്ചുലക്ഷം മുതൽ അമ്പതിനായിരം വരെ വിലയുള്ള ഈ അലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കാണാനും ആവശ്യക്കാർക്ക് വാങ്ങാനുമുള്ള അവസരമാണ് സർഗാലയയിൽ ഒരുക്കിയിരിക്കുന്നത്.
സീഷോർ ഗ്രൂപ്പ് ഖത്തർ ഫൗണ്ടർ & ഗ്രൂപ്പ് ചെയർമാൻ സയീദ് സാലം അൽ-മൊഹന്നദി ഉദ്ഘാടനം ചെയ്ത തീം വില്ലേജിൽ, ഇസ്ലാമിക കലയുടെ കാലാതീതമായ സൗന്ദര്യവും പരമ്പരാഗത കലയെ ആധുനിക ശൈലിയുമായി സമന്വയിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി വടകരയിലെ സർഗാലയയിൽ നടന്നുകൊണ്ടിരിക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല മേള ശ്രദ്ധേയമാകുന്നു. ഡിസംബർ 20-ന് ആരംഭിച്ച മേള ഇതിനകം തന്നെ പതിനായിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.
മേളയുടെ പ്രധാന ആകർഷണമായി ഡിസംബർ 25-ന് രാത്രി 7 മണിക്ക് പ്രശസ്ത ഗായകൻ സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ക്രിസ്മസ് സ്പെഷ്യൽ സംഗീത നിശ ഒരുങ്ങുകയാണ്.
ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം കലാകാരന്മാർ ഡിസംബർ 20 മുതൽ 2025 ജനുവരി 6 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നു. സന്ദർശകർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനോഹരമായ കരകൗശല വസ്തുക്കളും നേരിട്ട് വാങ്ങാൻ അവസരം ലഭിക്കും.
ഓരോ ദിവസവും വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. 26-ന് യൂത്ത് ഫെസ്റ്റിവൽ ടീമിന്റെ സാംസ്കാരിക പരിപാടികളും, 27-ന് ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും, 28-ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങളും അരങ്ങേറും. ഡിസംബർ 29-ന് തെക്കിൻകാട് ബാൻഡ് & ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതവും, 30-ന് മെന്റലിസ്റ്റ് അനന്ദുവിന്റെ മെന്റലിസം ഷോയും, 31-ന് പുതുവർഷ രാവിൽ 11-ദി ബാൻഡിന്റെ ആവേശകരമായ പ്രകടനവും ഉണ്ടായിരിക്കും.
ജനുവരി മാസത്തിൽ കണ്ണൂർ ഷെരീഫിന്റെ മാപ്പിളപ്പാട്ടുകൾ (ജനുവരി 2), നമ്രതയുടെ ഗസലുകൾ (ജനുവരി 3), രാജീവ് പുലവരുടെ തോൽപ്പാവക്കൂത്ത് (ജനുവരി 4), മിനി പി.എസ്. നായർ & ടീമിന്റെ ഭരതനാട്യ ഗ്രൂപ്പ് പെർഫോമൻസ് (ജനുവരി 3) എന്നിവ പ്രേക്ഷകർക്ക് വിരുന്നൊരുക്കും.
ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) നടത്തുന്ന ഈ മേളയ്ക്ക് ടൂറിസം മന്ത്രാലയത്തിന്റെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.