സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു നൽകിയ 95.34 കോടി രൂപയുടെ ‘സർഗാലയ ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർഗാലയ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് അവാർഡ് 2024 ആയ 700 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റും ബൾഗേറിയൻ കലാകാരി മഡ്ഡലീന പ്രട്രോവ ബോസ്ഹിലോവ അമിനും യൂത്ത് ക്രാഫ്റ്റ്പേഴ്സൺ അവാർഡായ 400 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റും ഇറാൻ സ്വദേശി ഫത്തേമെഹ് ആലിപ്പൂർ യൗസേഫിനും മന്ത്രി സമ്മാനിച്ചു.
സർഗാലയ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു മന്ത്രി പറഞ്ഞു. മലബാറിന്റെ സാംസ്കാരികാനുഭവങ്ങൾ മുഴുവൻ സർഗാലയയിൽ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നദികൾ, കടൽ, റോഡ് മാർഗങ്ങളിലൂടെയും ജൈവവൈവിദ്ധ്യം, കളരിപ്പയറ്റുപോലുള്ള ആയോധനകലകൾ തുടങ്ങി വ്യത്യസ്ത അനുഭവങ്ങളിലൂടെയുമുള്ള വിവിധ സർക്കീറ്റുകൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. രുചിപ്പെരുമയാർന്ന ഭക്ഷണം, സാഹിത്യപൈതൃകം, അഡ്വഞ്ചർ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തും.
ബേപ്പൂരിനെയും സർഗാലയയെയും കടൽമാർഗം യോട്ടുകൾ വഴി ബന്ധിക്കുന്ന പദ്ധതി ആലോചനയിലുണ്ട്. ഹെലികോപ്റ്ററുകൾ, സീ പ്ലെയിനുകൾ കാരവൻ എന്നിങ്ങനെ വിവിധയാത്രാമാർഗങ്ങൾ ഉപയോഗിച്ചും സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ചും ലോകടൂറിസം ഭൂപടത്തിൽ സർഗാലയയ്ക്കും കോഴിക്കോടിനും സ്ഥാനമുറപ്പിക്കാൻ കഴിയും. ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ് വലിയ ടൂറിസം പദ്ധതികളുടെ ഗുണഭോക്താക്കൾ. കക്ഷിരാഷ്ട്രീയഭേദമെന്യേ മുഴുവൻ ജനവിഭാഗങ്ങളും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ലോകടൂറിസം ഭൂപടത്തിൽ സർഗാലയ ഇതിനകം തന്നെ അടയാളപ്പെട്ടുകഴിഞ്ഞെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച രാജ്യസഭാ എംപിയും ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടുമായ പി. ടി. ഉഷ അഭിപ്രായപ്പെട്ടു.
ജിഐ ക്രാഫ്റ്റ് വില്ലേജുകളും പുസ്തകമേളയും വിവിധ സോണുകളും ഹാൻഡ് ക്രാഫ്റ്റ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സജി പ്രഭാകരൻ,വി കെ അബ്‌ദുറഹ്‌മാൻ, നബാർഡ് ഡിസ്ട്രിക്ട് ജനറൽ മാനേജർ രാകേഷ് വി, പയ്യോളി മുൻസിപ്പാലിറ്റി ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷ്‌റഫ് എന്നിവർ നിർവഹിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർഗാലയ സീനിയർ ജനറൽ മാനേജർ ടി. കെ. രാജേഷ് എന്നിവർ ആശംസ നേർന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.