Ticker

6/recent/ticker-posts

ടൗണിലെ ദേശീയപാതയിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണം : വ്യാപാരി വ്യവസായി ഏകോപന സമിതി

പയ്യോളി : മഴ തുടങ്ങിയതോടെ  ടൗണിലെ ദേശീയപാതയിലൂടെയുള്ള  യാത്രാദുരിതത്തിന് അധികൃതർ പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസം ടൗണിൽ ലോറിയിടിച്ച് ഭർത്താവിനൊപ്പം  സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി മരണപ്പെടുകയും , ബസ് സ്റ്റാൻഡിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൻ ടൗണിലെ വസ്ത്രവ്യാപാരിയായ വി.പി.രമേശന് സ്കൂട്ടറപകടത്തിൽ കാലിൻ്റെ എല്ല് പൊട്ടി പരിക്കേൽക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും  ചെയ്തിരുന്നു . ഇത്തരത്തിൽ  ജനങ്ങളുടെ ജീവന് ഭീക്ഷണിയാവുന്ന തരത്തിലുള്ള യാത്രാദുരിതത്തിന് അടിയന്തര  പരിഹാരം വേണമെന്നാവശ്യപ്പെട്ട് പയ്യോളി യൂണിറ്റ് നഗരസഭ സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു . 

        വ്യാപാരഭവനിൽ ചേർന്ന പയ്യോളി യൂണിറ്റ്  ജനറൽബോഡി യോഗം ജില്ലാസെക്രട്ടറി ബാബുമോൻ 
ഉദ്ഘാടനം ചെയ്തു .  ഫൈസൽ സൂപ്പർ അധ്യക്ഷത വഹിച്ചു . വരണാധികാരി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ  യൂണിറ്റിൻ്റെ 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി   തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . ജില്ലാ സെക്രട്ടറി കെ.ടി.വിനോദ് , മണ്ഡലം പ്രസിഡണ്ട് ഇ.കെ. സുകുമാരൻ , മണ്ഡലം സെക്രട്ടറി എ.സി. സുനൈദ് , മണ്ഡലം വനിതവിംഗ് ജന. സെക്രട്ടറി ബിന്ദു ബാലകൃഷ്ണൻ , ജയേഷ് ഗായത്രി  തുടങ്ങിയവർ സംസാരിച്ചു . മികച്ച വെറ്റിനറി ഡോക്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ: കെ.മുസ്തഫയെ പരിപാടിയിൽ ആദരിച്ചു .  എസ്.എസ്.എൽ.സി. , പ്ലസ് - ടു , യു.എസ്.എസ്. തുടങ്ങിയ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു . പുതിയ ഭാരവാഹികളായി കെ.എം . ഷമീർ (പ്രസി.) , ജി. ഡെനിസൺ ( സെക്ര.) , രവീന്ദ്രൻ അമ്പാടി ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. 

മറ്റ് ഭാരവാഹികൾ : 

ജയേഷ് ഗായത്രി ,
സനൂജ് പ്രീമിയർ ഗ്ലാസ്സ് മാർട്ട് , 
അനിൽ ധനലക്ഷ്മി ( വൈസ് പ്രസിഡണ്ടുമാർ) .
സവാദ്  അസിദാസ് ഒപ്ടിക്കൽസ് ,
മനോജ്‌ കേരള ഹെയർ ഡ്രെസസ് , 
റിഗേഷ് (ജോ: സെക്രട്ടറിമാർ) .  
എം.പി. അനുരൂപ് , ടി.എ.ജുനൈദ്  ( പി.ആർ.ഒ. ) 
പ്രബീഷ് , നിഷിൽ ( സോഷ്യൽ മീഡിയ)  
 
 

Post a Comment

0 Comments