Ticker

6/recent/ticker-posts

പ്രമുഖ ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ ബാലചന്ദ്രന്റെ കോഴിക്കോട്ടെ പരിപാടിയിൽ ബഹളം ഒടുവിൽ പരിപാടി നിർത്തി

കോഴിക്കോട്: പ്രമുഖ ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ ബാലചന്ദ്രന്റെ കോഴിക്കോട്ടെ പരിപാടി കാണികള്‍ ബഹളംവച്ചതോടെ സംഘാടകര്‍ നിര്‍ത്തിച്ചു. റോട്ടറി ക്ലബ് സൈബര്‍ സിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലമായത്. പ്രസംഗത്തിനിടെ തുടരെ ബിസിനസ്സുകാരെ തെറിവിളിച്ചു സംസാരിസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാണികളായ ബിസിനെസ്സുകാര്‍ മുന്നോട്ട് വന്ന് ചോദ്യം ചെയ്തത് ബഹളത്തില്‍ കലാശിച്ചു. ഇതോടെയാണ് സംഘാടകര്‍ പരിപാടി നിര്‍ത്തിയത്.

റോട്ടറി കാലിക്കറ്റ് സൈബര്‍സിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിപാടിയാണ് വിവാദമായത്. രണ്ടുദിവസത്തെ പരിപാടിയിലെ ഒരു സെഷന്‍ മാത്രമായിരുന്നു ബിസിനസ് ട്രെയിനിങ്. ഇതിലേക്കാണ് സംഘാടകര്‍ നാലുലക്ഷത്തിലധികം രൂപ നല്‍കി അനിലിനെ ക്ഷണിച്ചത്.

പ്രസംഗത്തതിനിടെ വ്യവസായികളെ ‘തെണ്ടികള്‍’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ചതോടെയാണ് കാണികള്‍ ഇടപെട്ടത്. എന്തിനാണ് ബിസിനസ്സുകാരെ തെണ്ടികള്‍ എന്നും മറ്റും വിളിക്കുന്നതെന്ന് പരിപാടിയുടെ ഇടയില്‍ ഒരാള്‍ ഉച്ചത്തില്‍ ചോദിക്കുകയായിരുന്നു. ഇതിനെ സദസ്സ് പിന്തുണച്ചതോടെ അനിലിന് പരിപാടി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

ഉച്ചയ്ക്ക് 1:30ന് ആയിരുന്നു പരിപാടി തുടങ്ങേണ്ടിയിരുന്നത്. ശ്രോതാക്കള്‍ കുറവാണെന്ന് പറഞ്ഞ് അനില്‍ ബാലചന്ദ്രന്‍ ഹോട്ടലില്‍ നിന്ന് പരിപാടി നടക്കുന്ന വേദിയിലേക്ക് വരാന്‍ തയാറായിരുന്നില്ല. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനില്‍ വേദിയിലെത്തിയത്.

പ്രതിഫലമായി നാലുലക്ഷം രൂപയും ജി.എസ്.ടിയും അനിലിന് നല്‍കിയതായും 14 വയസ്സിന് താഴെയുള്ളവര്‍ പാടില്ല, ക്ലാസ് തുടങ്ങിയാല്‍ ആരും പുറത്തുപോകരുത് തുടങ്ങിയ വ്യവസ്ഥകളും അനില്‍ വച്ചിരുന്നതായും സംഘാടകര്‍ പറഞ്ഞു. മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ അഭ്യര്‍ഥിച്ചിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ തെറിവിളിക്കുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.

Post a Comment

0 Comments